
ബംഗളുരു: ക്രിമിനൽ പശ്ചാത്തലമുള്ള റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ശിവകുമാർ (40) ഒരു സംഘം ആക്രമികളാൽ വധിക്കപ്പെട്ടത് ഈ മാസം പതിനഞ്ചിനാണ്. ഹളസുരു മീനി അവന്യൂ റോഡിലെ സ്വവസതിയ്ക്ക് സമീപം വെച്ചാണ് ശിവകുമാർ കൊലചെയ്യപ്പെട്ടത്. അമ്മ വിജയലക്ഷ്മിയുടെയും ഡ്രൈവർ ഇമ്രാൻ ഖാന്റെയും കണ്മുന്നിൽ വെച്ചായിരുന്നു കൊലപാതകം. വിജയകുമാരിയുടെ പരാതി പ്രകാരം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ മുൻമന്ത്രിയും ബിജെപി എം എൽ എയുമായ ബയരതി ബസവരാജ് അഞ്ചാം പ്രതിയാണ്. കേസ്സുമായി ബന്ധമില്ലെന്നും ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് ബസവരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണോദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാകാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. അതുപ്രകാരം കേസ് അന്വേഷിക്കുന്ന എ സി പി പ്രകാശ് റാതോദ് മുമ്പാകെ ബസവരാജ് രണ്ടുതവണ ചോദ്യം ചെയ്യലിന് ഹാജരായി. "ഈ കേസ്സിൽ അറസ്റ്റിലാവുകയോ ഒളിവിൽ പോവുകയോ ചെയ്ത ആരുമായും എനിക്ക് ബന്ധമില്ല. കൊല്ലപ്പെട്ട ആളെയും എനിക്കറിയില്ല. ഞാൻ ജനപ്രതിനിധിയാണ്. പലരും എന്നോടൊപ്പം ഫോട്ടോ എടുക്കാറുണ്ട്. അതിനർത്ഥം എനിക്ക് അവരുമായി ബന്ധമുണ്ടെന്നല്ല. എഫ് ഐ ആറിൽ എന്റെ പേരുമുണ്ട്. പോലീസിന്റെ അന്വേഷണവുമായി സഹകരിക്കും. ചോദ്യങ്ങൾക്ക് മറുപടി നൽകും" ബയരതി ബസവരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഈ കേസ്സിൽ നാലുപേർ ആദ്യം കീഴടങ്ങിയിരുന്നു. എഴുപേരെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. പ്രധാന പ്രതി ജഗദീഷ് എന്ന ജഗ്ഗ ഒളിവിലാണ്. അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നും കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. 2018 ൽ കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന പ്രമുഖ നേതാവാണ് ബസവരാജ്. നഗരവാസികൾ ഉത്കണ്ഠ യോടെ ഉറ്റുനോക്കുന്ന, രാഷ്ട്രീയമാനങ്ങളുള്ള കൊലപാതക കേസ്സാണിത്.
Photo Courtesy - Google











